കൊല്ലം: കേരളത്തിന്റെ ഗ്രാമീണ സമ്പദ് വ്യവസ്ഥയുടെ ഉന്നമനത്തില്‍ ക്ഷീരമേഖല വഹിക്കുന്ന പങ്ക് നിര്‍ണായകമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ക്ഷീരകര്‍ഷകരെ സര്‍ക്കാര്‍ ചേര്‍ത്ത് നിര്‍ത്തുമെന്നും അവരുടെ ക്ഷേമവും അഭിവൃദ്ധിയും ലക്ഷ്യമാക്കി വിവിധ പദ്ധതികള്‍ നടപ്പിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊല്ലം ആശ്രാമം മൈതാനത്ത് ക്ഷീര കര്‍ഷക സംഗമം - പടവ് 2026 ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഗോസമൃദ്ധി ഇന്‍ഷ്വറന്‍സ് പദ്ധതിയും ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് പദ്ധതിയും കര്‍ഷകക്ഷേമം ലക്ഷ്യം കൈവരിക്കുന്നതിനാണ്. ഉയര്‍ന്ന ടെക്നോളജിയും സ്മാര്‍ട്ട് കാറ്റില്ഷെഡും ഓട്ടോമാറ്റിക് മില്‍ക്കിംഗ് മെഷീനും സാധാരണമാകുന്ന ക്ഷീര മേഖലയാണ് സംസ്ഥാനത്തിന്റെ ലക്ഷ്യം. ക്ഷീരമേഖലയില്‍ താഴേത്തട്ടിലേക്കു കൂടി ആധുനികവത്കരണം നടപ്പിലാക്കേണ്ടതിന്റെ ആവശ്യകതയെ പറ്റി മുഖ്യമന്ത്രി പ്രത്യേകം പരാമര്‍ശിച്ചു.
മന്ത്രി ജെ. ചിഞ്ചുറാണി അധ്യക്ഷത വഹിച്ചു. സംസ്ഥാന ക്ഷീര സഹകാരി അവാര്‍ഡ്, മികച്ച ക്ഷീര സംഘങ്ങള്‍ക്കുള്ള ഡോ. വര്‍ഗീസ് കുര്യന് അവാര്‍ഡ്, വിവിധ മാധ്യമ അവാര്‍ഡുകള്‍ തുടങ്ങി ക്ഷീരകാര്‍ഷിക മേഖലയിലെ മികച്ച പ്രകടനങ്ങള്‍ക്കുള്ള അവാര്‍ഡുകള്‍ മുഖ്യമന്ത്രി വിതരണം ചെയ്തു. സാമ്പത്തിക വര്‍ഷം 2024-25 ക്ഷീരമേഖലയില്‍ ഏറ്റവും കൂടുതല്‍ ഫണ്ട് വകയിരുത്തിയതും നൂതന പദ്ധതികള്‍ ആവിഷ്കരിച്ചതുമായ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ ആദരിച്ചു.
സംസ്ഥാനത്തെ മികച്ച ക്ഷേമനിധി കര്‍ഷകര്‍ക്കുള്ള അവാര്‍ഡ്, തിരുവനന്തപുരം എറണാകുളം മലബാര്‍ മേഖലകളിലെ ക്ഷീര സഹകാരികള്‍ക്കുള്ള അവാര്‍ഡ്, 14 ജില്ലാതല ക്ഷീരസഹകാരികള്ക്കുള്ള അവാര്‍ഡ്, ദേശീയ ‘ഗോപാല്‍രത്ന’അവാര്‍ഡ് ലഭിച്ച ക്ഷീരസംഘങ്ങളെ ആദരം, സംസ്ഥാനത്തെ മികച്ച ക്ഷീരസംഘം ജീവനക്കാര്‍ക്കുള്ള അവാര്‍ഡ് എന്നിവ സമ്മാനിച്ചു.